NATIONAL NEWS-ബെംഗളൂരു: തനിക്കു മുഖ്യമന്ത്രിയാകാൻ തിടുക്കമില്ലെന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ.
ശിവകുമാർ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 19 എംഎഎൽഎമാരുടെ പിന്തുണ നൽകാമെന്ന കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ശിവകുമാർ.
‘‘കൂട്ടായ നേതൃത്വത്തിന്റെ കീഴിലാണു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
നല്ല ഭരണം ഞങ്ങൾക്കു കാഴ്ചവയ്‌ക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയാകാൻ തനിക്കു തിടുക്കമില്ല.
പാർട്ടി നേതൃത്വത്തോടുപോലും ഞാനത് ആവശ്യപ്പെട്ടിട്ടില്ല’’– ശിവകുമാർ പറഞ്ഞു.
പാർട്ടി ഹൈക്കമാൻഡിന്റെ നിർദേശങ്ങളാണു താൻ പിന്തുടരുന്നതെന്നും സിദ്ധരാമയ്യയാണു ഞങ്ങളുടെ നേതാവെന്നും ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കലഹത്തിലാണെന്ന അഭ്യൂഹങ്ങൾക്കു പിന്നാലെയായിരുന്നു കുമാരസ്വാമിയുടെ പരിഹാസം.