പാലക്കാട് നെന്മാറയില്‍ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയ്ക്കായി പോലീസ് വ്യാപക തിരച്ചില്‍ തുടരുന്നു. ചെന്താമര വിറ്റ ഫോണ്‍ തിരുവമ്പാടിയില്‍ ഓണായ പശ്ചാത്തലത്തില്‍ അന്വേഷണം കോഴിക്കോട്ടേയ്ക്കും വ്യാപിപ്പിച്ചു. ചെന്താമര കോഴിക്കോട് എത്തിയിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തി. സുഹൃത്തിനാണ് ചെന്താമര ഫോണ്‍ വിറ്റതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ചെന്താമര നേരത്തേ തിരുവമ്പാടിയില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്തിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ചെന്താമര രണ്ട് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.
അതേസമയം ചെന്താമരയ്ക്കായി നെല്ലിയാമ്പതി മലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് പാലക്കാട് എസ്പി അജിത് കുമാര്‍ പറഞ്ഞു. മറ്റൊരു ടീം കൂടി അവിടെ കേന്ദ്രീകരിച്ച് പരിശോധന നടത്തും. കെഡാവര്‍ ഡോഗിനെ അടക്കം പരിശോധനയ്ക്ക് എത്തിക്കും. ഡ്രോണ്‍ പരിശോധന കൊണ്ട് പ്രയോജനം ഉണ്ടായില്ല. ചില തെറ്റായ വിവരങ്ങളും ലഭിച്ചു. പ്രതിയുടെ സഹോദരന ചോദ്യം ചെയ്ത് വരികയാണെന്നും എസ്പി അറിയിച്ചു.