മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്രമങ്ങളും മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള ചർച്ചകളും രാജ്യതലസ്ഥാനത്തു പുരോഗമിക്കുന്നു. വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണു നരേന്ദ്ര മോദിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. ഇതിനു മുന്നോടിയായി, ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർച്ചന അർപ്പിച്ചു. കേരളത്തിൽനിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിയോടു ഡൽഹിയിലെത്തണമെന്നു നരേന്ദ്ര മോദി നേരിട്ട് അറിയിച്ചു. എത്രയും വേഗം ഡൽഹിയിലെത്തണമെന്ന് മോദി പറഞ്ഞതായും നരേന്ദ്ര മോദിയും അമിത് ഷായും പറയുന്നത് അനുസരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമോ കിട്ടുമെന്നാണു കേൾക്കുന്നത്. നടൻ മോഹൻലാലിനെയും മോദി നേരിട്ടു ഫോണിൽ വിളിച്ചിട്ടുണ്ട്. വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നു മോഹൻലാൽ അറിയിച്ചതായാണു സൂചന. കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ നിയുക്ത എംപി സുരേഷ് ഗോപി തന്റെ സിനിമാ തിരക്കുകൾ കേന്ദ്ര നേതൃത്വ അറിയിച്ചിരുന്നു. 4 സിനിമകളിൽ കരാറിലേർപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രിയായാൽ ഈ സിനിമകൾ മുടങ്ങുമോയെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞെന്നാണു വിവരം.