കോട്ടയം നീറിക്കാട് അഭിഭാഷകയായ ജിസ്മോളും മക്കളും മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി വീണ്ടും ബന്ധുക്കൾ. പണത്തിന്റെയും നിറത്തിന്റെയും പേരിൽ ജിസ്മോൾ മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്നാണ് ആരോപണം. നിരന്തരമുള്ള ഗാർഹിക പീഡനമാണ് ജിസ്മോളെയും മക്കളായ നേഹയെയും നോറയെയും മരണത്തിലേക്ക് തള്ളിവിട്ടത് എന്നാണ് കുടുംബത്തിന്റെ പരാതി. ഇക്കാര്യങ്ങൾ ഏറ്റുമാനൂർ പൊലീസിന് മുമ്പാകെ നൽകിയ മൊഴിയിലും കുടുംബം ആവർത്തിച്ചു. സമ്പത്തിന്റെയും നിറത്തിന്റെയും പേരിലായിരുന്നു ഈ പീഡനങ്ങൾ മുഴുവനും നടന്നതെന്നും സഹോദരൻ പറഞ്ഞു. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ ജിസ്മോളെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഫോൺ ഭർത്താവ് ജിമ്മി വാങ്ങി വെച്ചിരുന്നതായി സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു. മുൻപ് ജിസ്‌മോൾക്ക് ഭർതൃവീട്ടിലുണ്ടായ പീഡനങ്ങൾ അറിഞ്ഞ് പലതവണ കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നുവെന്നും സഹോദരൻ പ്രതികരിച്ചു.
അച്ഛൻ തോമസിനെയും സഹോദരന്റേയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. നിലവിൽ അസ്വാഭാവിക മരണത്തിനാണ് ഏറ്റുമാനൂർ പൊലീസ് കേസ് എടുത്തിട്ടുള്ളത്. കുടുംബത്തിന്റെ മൊഴി പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ച് എഫ്ഐആറിൽ കൂടുതൽ വകുപ്പുകൾ ചേർക്കാനാണ് പൊലീസിന്റെ തീരുമാനം. പൈങ്ങുളം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നാളെ 3 മണിക്ക് ജിസമോളുടെയും മക്കളുടെയും സംസ്കാരം നടക്കും. ഭർത്താവിന്റെ ഇടവക പള്ളിയുടെ പാരിഷ് ഹാളിൽ ഒരു മണിക്കൂർ പൊതുദർശനവും ഉണ്ടാകും.