കോഴിക്കോട് പയ്യോളിയിൽ നിന്നും കാണാതായ നാല് വിദ്യാർത്ഥികളെ കണ്ടെത്തി. ആലുവ പൊലീസാണ് അവരെ കണ്ടെത്തിയത്. ഇവരെ ആലുവ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ആലുവയിലെ ലോഡ്ജിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പതിനാലും പതിനഞ്ചും വയസ് പ്രായമുള്ള കുട്ടികളെയാണ് കാണാതായത്. സംഭവത്തിൽ പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയാണ്. കുട്ടികൾ എന്തിനാണ് ആലുവയിലെത്തിയതെന്നോ തുടർന്നും യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പയ്യോളി അങ്ങാടിയിലെ ചെരിച്ചിൽ പള്ളിയിലെ മദ്രസ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കാണാതായത്. പള്ളിയിൽ താമസിച്ച് ഖുർആൻ പഠനവും സ്കൂൾ പഠനവും നടത്തി വരികയായിരുന്നു. വൈകീട്ട് നാലരയോടെയാണ് ഇവരെ കാണാതായ വിവരമറിയുന്നത്.