ബാര്‍ കോഴ വിവാദങ്ങൾക്കിടെ എക്സൈസ് മന്ത്രി എം.ബി രാജേഷ് സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് യാത്ര തിരിച്ചു. കുടുംബസമേതം വിയന്നയിലേക്കാണ് യാത്ര പുറപ്പെട്ടത്. അടുത്തമാസം രണ്ടിന് മന്ത്രി തിരിച്ചെത്തും. ധനകാര്യ മന്ത്രിയും കുടുംബവും വിദേശയാത്ര നിശ്ചയിച്ചിരുന്നു. ധനമന്ത്രിയുടെ ആരോഗ്യ പ്രശ്നങ്ങൾ കാരണം യാത്ര റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും കുടുംബവും വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയത്. ഫ്രാൻസ്, ബെൽജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് വിവരം.
മദ്യ നയത്തിൽ ഇളവ് ലഭിക്കാൻ കോഴ നൽകണമെന്ന ബാർ അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതോടെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു. ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംഘടന വൈസ് പ്രസിഡന്‍റ് അനിമോന്റെ ശബ്ദരേഖയിൽ പറയുന്നത്. രണ്ടു ദിവസത്തിനുള്ളിൽ പണം നൽകണമെന്നും ഡ്രൈ ഡേ ഒഴിവാക്കാനും മറ്റു ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. വിഷയം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രത്യേക സംഘത്തെ രൂപീകരിച്ച് തന്നെയാകും അന്വേഷണം നടക്കുക.