ആലത്തൂരില്‍നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനമൊഴിഞ്ഞ കെ. രാധാകൃഷ്ണൻ്റെ പടിയിറക്കം ചരിത്രപരമായ ഉത്തരവിറക്കി. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്നറിയപ്പെടുന്നതു മാറ്റാനാണ് തീരുമാനം.
കോളനി എന്ന അഭിസംബോധന അവമതിപ്പും താമസക്കാരിൽ അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റം. പുതിയ ഉത്തരവനുസരിച്ച് കോളനികൾ ഇനി നഗർ എന്നറിയപ്പെടും. സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് പ്രകൃതി എന്നുമാക്കി. ഓരോ പ്രദേശത്തും താല്പര്യമുള്ള കാലാനുസൃതമായ പേരുകളും ഉപയോഗിക്കാം. തർക്കങ്ങൾ ഒഴിവാക്കാൻ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു.
ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവുമായിരുന്നു മന്ത്രി എന്ന നിലയിലെ അദ്ദേഹത്തിന്റെ അവസാന പരിപാടി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി ക്ഷേമ പ്രവർത്തനങ്ങൾ മാത്രം നടത്താതെ അവരെ സംരംഭകരാക്കി വളർത്തുക കൂടിയാണ് ഉന്നതി പദ്ധതിയുടെ ലക്ഷ്യമെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു. മികച്ച പഠനം നേടിയവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി ഉണ്ടാക്കുകയാണ് ഉന്നതി പദ്ധതിയിലൂടെ ചെയ്യുന്നത്.