വളർത്തുനായയുടെ കടിയേറ്റ് പേവിഷബാധയെ തുടർന്ന് അച്ഛനും മകനും മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ഭിംലി സ്വദേശികളായ നരസിംഗറാവു (59), മകൻ ഭാർഗവ് (27) എന്നിവരാണ് മരിച്ചത്.
ഒരാഴ്ച മുമ്പാണ് ഇരുവരെയും വീട്ടിലെ വളർത്തുനായ കടിച്ചത്. എന്നാൽ ഉടൻ ചികിത്സ തേടിയിരുന്നില്ല. രണ്ടു ദിവസത്തിനു ശേഷം നായ ചത്തതോടെയാണ് ഇരുവരും പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ്പെടുക്കുന്നത്. എന്നാൽ ഫലമുണ്ടായില്ല.
പേവിഷബാധാ വൈറസ് ഇരുവരുടെയും തലച്ചോറിനെയും കരളിനേയും ഗുരുതരമായി ബാധിച്ചിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൈദരാബാദിലെ ചിത്രപുരി ഹിൽസിൽ പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ 15ഓളം തെരുവുനായ്ക്കൾ ആക്രമിച്ച് ദിവസങ്ങൾക്കിടെയാണ് ഈ സംഭവം.
നേരത്തെ, വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമായ കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നിരുന്നു. കഴിഞ്ഞ മെയ് 14ന് തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ തണ്ടൂരിലായിരുന്നു ദാരുണ സംഭവം. വീട്ടിൽ ആളില്ലാതിരുന്ന സമയത്തായിരുന്നു അകത്തുകയറി നായ കുഞ്ഞിനെ ആക്രമിച്ചത്.