Latest Malayalam News - മലയാളം വാർത്തകൾ

കളിയിക്കാവിള കൊലപാതകം: പ്രതി പിടിയിൽ; പിടിയിലായത് ആക്രിക്കച്ചവടക്കാരൻ

Thiruvananthapuram

കളിയിക്കാവിളയില്‍ ക്വാറി ഉടമയെ കാറിനുള്ളിലിട്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. നേമം ചൂഴാറ്റകോട്ട സ്വദേശിയും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമായ അമ്പിളിയെന്ന് അറിയപ്പെടുന്ന സജികുമാറിനെയാണ് തമിഴ്നാട് പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. ആക്രി വ്യാപാരിയാണ് സജികുമാര്‍.

കന്യാകുമാരി പോലീസ് എസ്.പി. സുന്ദരവദനത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തുപുരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. തിങ്കളാഴ്ച രാത്രി പിടിയിലായ പ്രതിയെ തമിഴ്നാട് പോലീസിന്റെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യംചെയ്യുകയാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സജികുമാര്‍. 50-ഓളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്.

മലയിന്‍കീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസില്‍ എസ്.ദീപു(46) ആണ് ചൊവ്വാഴ്ച കളിയിക്കാവിളയിൽ കാറിനുള്ളിൽവെച്ച് കൊല്ലപ്പെട്ടത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പത്തു ലക്ഷം രൂപ മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. പടന്താലുംമൂട്ടിലെ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു സംഭവം.

തെര്‍മോകോള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കഴുത്തില്‍ കത്തി കുത്തിയിറക്കി മുകളിലേയ്ക്ക് വലിച്ച് മുറിവുണ്ടാക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിനു ശേഷം പ്രതി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയതായി പോലീസിന് സൂചന ലഭിച്ചിരുന്നു.

തിങ്കളാഴ്ച രാത്രി 11-ഓടുകൂടി അമിത ശബ്ദത്തില്‍ ഇരപ്പിച്ചുകൊണ്ട് കാര്‍ റോഡരികില്‍ നില്‍ക്കുന്നതുകണ്ട നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ഡ്രൈവിങ് സീറ്റില്‍ കഴുത്ത് മുറിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. കത്തിയും കണ്ടെത്തിയിരുന്നു. പുറകിലത്തെ സീറ്റില്‍നിന്ന് ഒരാള്‍ ബാഗുമായി ഇറങ്ങിപ്പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിനു ലഭിച്ചിരുന്നു.

Leave A Reply

Your email address will not be published.