കരുവന്നൂരിൽ സിപിഐഎമ്മിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയതിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരുവന്നൂരിൽ സിപിഐഎമ്മിനെ പ്രതി ചേർത്തതും അക്കൗണ്ട് മരവിപ്പിച്ചതും ഇഡിയുടെ തെറ്റായ നടപടിയാണ്. ഇഡിയുടെ നടപടി രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടാണ്. സിപിഐഎമ്മിനെ പ്രതിയാക്കിയതും രാഷ്ട്രീയമാണ്. പുകമറ സൃഷ്ടിക്കാനാണ് ഏജൻസിയുടെ ശ്രമമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിയുടെ ആയിരക്കണക്കിന് ഘടകങ്ങൾക്ക് ഓഫീസും അക്കൗണ്ടുകളുമുണ്ട്. സ്ഥലം പാർട്ടി ജില്ലാ കമ്മിറ്റിയുടെ പേരിലാണ് രജിസ്റ്റർ ചെയ്ത് വാങ്ങുക. സിപിഐഎം ഓഫീസ് പിടിച്ചെടുക്കാനാണ് ഇഡി ശ്രമിക്കുന്നത്. പ്രതിപക്ഷ പാർട്ടികളോട് സ്വീകരിക്കുന്ന അതേ നടപടി സിപിഐഎമ്മിനെതിരെയും ഇഡി തുടരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഒരു തെളിവുമില്ലാതെയാണ് ഇഡിയുടെ ഈ നടപടി. സിപിഐഎമ്മിന് ഒരു നോട്ടീസും ലഭിച്ചിട്ടില്ല. ഇഡി നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഒരു കാര്യവും സിപിഐഎമ്മിനെ അറിയിച്ചിട്ടില്ല. ലോക്കൽ കമ്മിറ്റി ഉണ്ടാക്കിയ ഓഫീസിനെ ചൊല്ലിയാണോ പ്രശ്നം? രാഷ്ട്രീയപ്രേരിതം മാത്രമല്ല തോന്നിവാസവുമാണിത്. എന്തും ചെയ്യാൻ ഞങ്ങൾക്ക് അവകാശമുണ്ട് എന്ന ഒരു ഫാസിസ്റ്റ് ശൈലിയാണ് ഇഡിയുടേത്. സിപിഐഎം രാഷ്ട്രീയമായും നിയമപരമായും നേരിടും. എന്തടിസ്ഥാനത്തിലാണ് സിപിഐഎമ്മിനെ പ്രതിചേർക്കുകയെന്നും എം വി ഗോവിന്ദൻ ചോദിച്ചു.