എറണാകുളത്ത് എൽ.ഡി.എഫ് പ്രതീക്ഷിച്ച അട്ടിമറികളും അപ്രതീക്ഷിത അടിയൊഴുക്കുകളുമൊന്നും സംഭവിച്ചില്ല. ഭൂരിപക്ഷത്തിൽ സ്വന്തം റെക്കോഡ് തന്നെ തിരുത്തി തുടർച്ചയായി രണ്ടാം തവണയും ഹൈബി ഈഡൻ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എൽ.ഡി.എഫിന്‍റെ കെ.ജെ. ഷൈനിനെതിരെ 2,47,245 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് (വൈകുന്നേരം മൂന്നു മണി വരെയുള്ള കണക്ക്) കഴിഞ്ഞ വർഷത്തെ റെക്കോഡ് തിരുത്തിയിരിക്കുന്നത്. 2019ൽ സി.പി.എമ്മിന്‍റെ പി. രാജീവിനെതിരെ 1,69,153 എന്ന റെക്കോഡ് ഭൂരിപക്ഷമായിരുന്നു ഹൈബി നേടിയിരുന്നത്.
യു.ഡി.എഫ് സ്വന്തം അക്കൗണ്ടിലേക്ക് നേരത്തെ തന്നെ വരവുവെച്ചതാണ് എറണാകുളം ലോക്സഭ മണ്ഡലം. ആ പ്രതീക്ഷകളൊന്നും തെറ്റിയില്ല. രണ്ട് തവണ എം.എൽ.എയും അഞ്ച് വർഷം എം.പിയുമായി സൃഷ്ടിച്ചെടുത്ത വ്യക്തിപ്രഭാവവും കാര്യമായ ആരോപണങ്ങൾക്ക് ഇടനൽകിയില്ല എന്നതുമായിരുന്നു യു.ഡി.എഫ് സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ ഹൈബിയുടെ കൈമുതൽ. മാത്രമല്ല, മണ്ഡലത്തിൽ സുപരിചിതനാണെന്നതും ഹൈബിക്ക് നേട്ടമായി.