ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 സീറ്റുകളിലേക്കുള്ള 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് ആരഭിച്ചു. റായ്ബറേലി, അമേഠി, ലഖ്നൗ എന്നിവയുള്പ്പെടെയുള്ള ചില പ്രധാന മണ്ഡലങ്ങളിലെ പ്രധാന സ്ഥാനാര്ത്ഥികളുടെ തിരഞ്ഞെടുപ്പ് വിധി നിര്ണയിക്കുന്നത് മൊത്തം 80 ലോക്സഭാ സീറ്റുകളുള്ള ഉത്തര്പ്രദേശിലെ വോട്ടര്മാരാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള് അധ്യക്ഷനുമായ നവീന് പട്നായിക് മത്സരിക്കുന്ന 35 നിയമസഭാ മണ്ഡലങ്ങളിലും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. ഉത്തര് പ്രദേശിൽ നിന്നുള്ള 14, മഹാരാഷ്ട്രയിൽ നിന്നുള്ള 13, പശ്ചിമ ബംഗാളിൽ നിന്നുള്ള 7, ബീഹാറിൽ നിന്നുള്ള 5, ഝാർഖണ്ഡിൽ നിന്നുള്ള 3, ഒഡീഷയിൽ നിന്നുള്ള 5, ജമ്മു കശ്മീര് , ലഡാക്ക് എന്നിവിടങ്ങളില് നിന്നുള്ള ഓരോ ലോക് സഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി, ബിജെപി നേതാക്കളായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി, പിയൂഷ് ഗോയല്, ഉജ്ജ്വല് നികം, കരണ് ഭൂഷണ് സിംഗ്, എല്ജെപി (രാംവിലാസ്) മേധാവി ചിരാഗ് പാസ്വാന്, ജമ്മു കശ്മീര് നാഷണല് കോണ്ഫറന്സിന്റെ ഒമര് അബ്ദുള്ള, രാഷ്ട്രീയ ജനതാദള് നേതാവ് രോഹിണി ആചാര്യ എന്നിവരാണ് അഞ്ചാം ഘട്ടത്തിലെ പ്രധാന സ്ഥാനാര്ത്ഥികള്.
