കുവൈത്തിലെ മൻഗഫിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചു. ഏഴ് മലയാളികൾ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. ആകെ 49 പേർ മരിച്ചതായാണ് വിവരം.
മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലേയും ജീവനക്കാരാണ് ദുരന്തത്തിൽ പെട്ടത്. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തും.
മൃതദേഹങ്ങൾ പരമാവധി വെള്ളിയാഴ്ച തന്നെ നാട്ടിലെത്തിക്കുന്നതിന് മുൻഗണന നൽകുമെന്ന് എൻ.ബി.ടി.സി മാനേജ്മെന്റ് അറിയിച്ചു. ജീവഹാനി സംഭവിച്ച ജീവനക്കാരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ ഉണ്ടാകുമെന്നും എല്ലാ നഷ്ടപരിഹാരങ്ങളും പരമാവധി കൈമാറാൻ എൻ.ബി.ടി.സി പ്രതിജ്ഞാബദ്ധമാണെന്നും മാനേജ്മെന്റ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ മുഴുവൻ ജീവനക്കാർക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പ് വരുത്തിയതായും മാനേജ്മെന്റ് അറിയിച്ചു.