യാത്രക്കാരെ പേടിപ്പിക്കുന്ന തരത്തിലുള്ള ഡ്രൈവിങ്ങ് വേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരോട് ആഹ്വാനം ചെയ്ത് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സ്വകാര്യ ബസ്സുകളുമായും ഇരുചക്ര വാഹനങ്ങളുമായുള്ള മത്സരം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓവര്‍ സ്പീഡ് ചെയ്യാതെയും വളരെ ശ്രദ്ധയോടും വാഹനം ഓടിച്ചാലും കൃത്യമായ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നമ്മുടെ റോഡുകളുടെ പരിമിതികള്‍ മനസിലാക്കി കൊണ്ട് ചെറിയ വാഹനങ്ങള്‍ വരുമ്പോള്‍ അവരെ പോകാന്‍ അനുവദിക്കുക. സ്‌കൂട്ടറിലും ബൈക്കുകളിലും കാറുകളിലും മറ്റും നമ്മുടെ വാഹനം ഇടിച്ചാല്‍ നമുക്ക് ഒന്നും സംഭവിക്കില്ല. എന്നാല്‍, അവരോട് ഒരു മത്സരത്തിന് നില്‍ക്കേണ്ട കാര്യമില്ല. ബൈക്കുകളും മറ്റും വന്ന് നമ്മുടെ ബസിന് മുന്നില്‍ നിന്ന് അഭ്യാസം കാണിക്കുന്ന ചിലരുണ്ട്. അവരോട് ഒരു മത്സരത്തിന് നില്‍ക്കാതിരിക്കുക. നിങ്ങള്‍ പക്വതയോടെ മാത്രം പെരുമാറാന്‍ ശ്രദ്ധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.