കോഴിക്കോട് ജില്ലയിലെ വളയത്ത് കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ച നാലുപേർ അറസ്റ്റില്‍. വളയം എലിക്കുന്നുമ്മൽ ബിനു, റീനു, ജിഷ്ണു, അശ്വിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിൽ നിന്ന് കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ഇന്നലെ രാവിലെയാണ് ഇവരുടെ വീടിനടുത്തെ കിണറ്റില്‍ കാട്ടുപന്നി വീണത്. തുടർന്ന് ഇവർ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ കാട്ടുപന്നിയെ പിടികൂടിയത്. പിന്നീട് കിണറില്‍ വീണ പന്നി രക്ഷപ്പെട്ടെന്ന് ഫോറസ്റ്റ് ജീവനക്കാരെ അറിയിക്കുകയും ചെയ്തു. എന്നാൽ സംശയം തോന്നി ഇന്നലെ രാത്രി ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടർന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.