ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂർ ഗ്രാമത്തിൽ നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് അപകടം. വെള്ളിയാഴ്ച്ച വൈകുന്നേരം നടന്ന അപകടത്തിൽ മൂന്ന് കുട്ടികളാണ് മരിച്ചത്. അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച്ച രാവിലെ മുതൽ പെയ്ത കനത്ത മഴയിൽ ഭിത്തിയുടെ അടിത്തറ ദുർബലമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സെൻട്രൽ നോയിഡയിലെ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹൃദേഷ് കതേരിയ പറയുന്നതനുസരിച്ച് രാത്രി 7.45 ഓടെയാണ് സംഭവം.
സഗീർ എന്ന വ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം. കുടുംബത്തിൽ പെട്ട എട്ട് കുട്ടികൾ മതിലിന് സമീപം കളിക്കുകയായിരുന്നു. രാത്രി 7.45 ഓടെ വീടിൻ്റെ ഭിത്തി ഇടിഞ്ഞ് കുട്ടികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. പൊലീസും അത്യാഹിത സേനകളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരിൽ രണ്ട് വയസ്സുള്ള ഒരുകുട്ടിയുമുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ചു കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
അഹദ് (4), അൽഫിസ (2), ആദിൽ (8) എന്നിവരാണ് മരിച്ചത്. ആയിഷ (16), ഹുസൈൻ (5), സോഹ്ന (12), വാസിൽ (11), സമീർ (15) എന്നീ കുട്ടികളാണ് ചികിത്സയിലുള്ളത്. കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും സെൻട്രൽ നോയിഡ പൊലീസ് അറിയിച്ചു.