Latest Malayalam News - മലയാളം വാർത്തകൾ

കുട്ടികളെ ശരിയായി പഠിപ്പിക്കാതെ സ്റ്റാഫ് റൂമില്‍ ഉറങ്ങി’; കോട്ടയത്തെ അഞ്ച് അധ്യാപകരെ കുട്ടികളുടെ പരാതിയിൽ മലബാറിലേക്ക് സ്ഥലം മാറ്റി 

Kottayam

കുട്ടികളെ ശരിയായി പഠിപ്പിക്കാതെയും സ്റ്റാഫ് റൂമില്‍ ഉറങ്ങിയും സമയം കളഞ്ഞ ഒരു കൂട്ടം അധ്യാപകരെ സ്ഥലം മാറ്റിയത് മലബാറിലേക്ക്. ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്. എസിലെ അഞ്ച് അധ്യാപകരെയാണ് കോഴിക്കോട്,കണ്ണൂര്‍,വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്.

ഇംഗ്ലീഷ് അധ്യാപിക നീതു ജോസഫ്, ബോട്ടണി അധ്യാപിക വി.എം. രശ്മി, കോമേഴ്സ‌് അധ്യാപിക ടി.ആർ, മഞ്ജു, ഹിന്ദി അധ്യാപിക എ.ആർ ലക്ഷ്മി, ഫിസിക്സസ് അധ്യാപിക ജെസി ജോസഫ് എന്നിവരെയാണ് മാറ്റിയത്. നീതു ജോസഫിനെ വയനാട് കല്ലൂർ ഗവ. എച്ച്.എസ്.എസിലേക്കും വി.എം. രശ്മിയെ വയനാട് നീർവാരം ഗവ എച്ച്.എസ്.എസിലേക്കും ടി.ആർ. മഞ്ജുവിനെ കണ്ണൂർ വെല്ലൂർ ഗവ. എച്ച്.എസ്. എസിലേക്കും എ.ആർ.ലക്ഷ്മിയെ വയനാട് പെരിക്കല്ലൂർ ഗവ. എച്ച്. എസ്.എസിലേക്കും ജെസി ജോസഫിനെ കോഴിക്കോട് ബേപ്പൂർ ഗവ. എച്ച്.എസ്.എസിലേക്കുമാണ് മാറ്റിയത്.

ഈ അധ്യാപകര്‍ക്കെതിരെ വ്യാപക പരാതി ഉയർന്നതിനെത്തുടർന്ന് കോട്ടയം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടർ (ആർ.ഡി.ഡി) സ്കൂളിലെത്തി കുട്ടികളോടും പി.ടി.എ ഭാരവാഹികളോടും സംസാരിച്ച് അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ശരിയായി പഠിപ്പിക്കുന്നില്ലെന്നും കൂടുതൽ കുട്ടികൾ തോറ്റത് ഇംഗ്ലീഷിലാണെന്നുമാണ് നീതു ജോസഫിനെതിരായ കുട്ടികളുടെ പരാതി. പഠിപ്പിക്കുന്നത് മനസ്സിലാകുന്നില്ലെന്നും പ്രിൻസിപ്പലിനോട് പരാതി പറഞ്ഞതിനാൽ മനഃപൂർവം പരീക്ഷകളിൽ മാർക്ക് കുറക്കുകയും ചില കുട്ടികൾക്ക് അധികം മാർക്ക് നൽകുകയും ചെയ്തതായാണ് ജെസി ജോസഫിനെതിരായ പരാതി. ടി.ആർ മഞ്ജു, രശ്മി എന്നിവർ പഠിപ്പിക്കുന്നതും മനസ്സിലാവുന്നില്ലെന്നും തങ്ങൾ തോറ്റുപോകുമെന്ന ആശങ്കയും കുട്ടികൾ ആർ.ഡി.ഡിയെ അറിയിക്കുകയും ചെയ്തു.

31 ചിത്രങ്ങള്‍ക്ക് പകരം ബോട്ടണി പ്രാക്ടിക്കൽ റെക്കോഡിൽ 81 ചിത്രം വരക്കാൻ ആവശ്യപ്പെടുകയും കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോൾ മാനസികമായി കഷ്ടപ്പെടുത്തുകയും ചെയ്തുവെന്നാണ് വി.എം. രശ്മിയെക്കുറിച്ച് വിദ്യാര്‍ഥികള്‍ പറഞ്ഞത്. അക്കാദമിക് പ്രവർത്തനങ്ങളിൽ ഈ അധ്യാപകർ സഹകരിക്കുന്നില്ലെന്നും പി.ടി.എയും എസ്.എം.സിയും അറിയിച്ചു. ഇതിൽ ചില അധ്യാപകർ സ്ഥിരമായി സ്‌റ്റാഫ് റൂമിലിരുന്ന് ഉറങ്ങുന്നു. ഇവർ സ്കൂളിന്‍റെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് വിഘാതമായതിനാൽ സ്ഥലം മാറ്റുന്നതായാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇവർക്ക് ഉടൻ ജോലിയിൽ നിന്ന് വിടുതൽ നൽകാനും ഉത്തരവിൽ പറയുന്നു.

 

Leave A Reply

Your email address will not be published.