പാലക്കാട് : പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ. ഡ്രൈവറും ക്ലീനറും കാസര്‍കോട് സ്വദേശികളാണ്. മഹേന്ദ്രപ്രസാദ് എന്ന ആളാണ് ലോറിയുടെ ഡ്രൈവര്‍. വര്‍ഗീസ് എന്ന ആളാണ് ക്ലീനര്‍. ഇരുവരും പരിക്കുകളോടെ പാലക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരെയും പോലീസ് ചോദ്യം ചെയ്തുവരുകയാണ്. അപകടത്തിൽ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ആശുപത്രിയിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡിൽ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റൽ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നൽകിയിട്ടുണ്ട്. താത്കാലികമായി ഇവിടത്തെ ട്രാഫിക് നിയന്ത്രിക്കാനുള്ള നടപടിയുണ്ടാകും. മറ്റൊരു വാഹനത്തിൽ ലോറി തട്ടിയാണോ നിയന്ത്രണം വിട്ടതെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ടെന്നും അപകട കാരണം വ്യക്തമായിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും അപകടത്തിന് അമിത വേഗത കാരണമായോ എന്ന കാര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്നും പാലക്കാടിന്‍റെ ചുമതലയുള്ള മലപ്പുറം എസ്‍പി വിശ്വനാഥ് പറഞ്ഞു. മറ്റൊരു വാഹനം വന്നപ്പോള്‍ സൈഡ് കൊടുത്തപ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം.