ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കുന്നതിനായി 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ 18 കാരൻ മുങ്ങി മരിച്ചു. ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് തൗസിഫ് എന്ന കൗമാരക്കാരൻ 100 അടിയോളം ഉയരത്തിൽ നിന്ന് ക്വാറി തടാകത്തിലേക്ക് ചാടിയത്. വെള്ളത്തിൽ ചാടിയ യുവാവ് ഉടനെ മുങ്ങിപ്പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സുഹൃത്തുക്കൾ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.