വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വയനാട് ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. സംഭവത്തിൽ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. നാല് പ്രതികളെയും തിരിച്ചറിഞ്ഞു. സംഘം സഞ്ചരിച്ച വാഹനം കണിയാൻമ്പറ്റയിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ വൈകിട്ട് മാനന്തവാടി കുടൽകടവിൽ ആയിരുന്നു കൊടുംക്രൂരത. ചെക്ക്ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളി ഉണ്ടായി. ഇത് പരിഹരിക്കാൻ ശ്രമിച്ച ആദിവാസി യുവാവായ ചെമ്മാട് നഗർ സ്വദേശി മാതനെ കാറിൽ കൈ കുരുക്കിയശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു.