മൂന്നാം ഘട്ടത്തിൽ മൂന്ന് മടങ്ങ് അധ്വാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങൾ മൂന്നാം തവണയും അവസരം നൽകിയിരിക്കുകയാണ്. ഇതൊരു മഹത്തായ വിജയമാണ്. തങ്ങളുടെ ഉത്തരവാദിത്തം മൂന്നിരട്ടിയായി വർധിച്ചെന്നും മോദി ചൂണ്ടിക്കാട്ടി. 18ാം ലോക്സഭയുടെ പ്രഥമ സമ്മേളനം ആരംഭിക്കാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ ജനങ്ങൾ പ്രതപക്ഷത്തിൽ നിന്ന് നല്ല നടപടികളാണ് പ്രതീക്ഷിക്കുന്നത്. ജനാധിപത്യത്തിന്‍റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനായി സാധാരണ പൗരന്മാരുടെ പ്രതീക്ഷക്കൊത്ത് പ്രതിപക്ഷം ഉയരുമെന്നാണ് പ്രതീക്ഷ. ജനങ്ങൾക്ക് നാടകവും കലഹവുമല്ല വേണ്ടതെന്നും മോദി പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടത് മുദ്രാവാക്യമല്ല, ഗുണപ്രദമായ പ്രതികരണമാണ്. രാജ്യത്തിന് നല്ലതും ഉത്തരവാദിത്തമുള്ളതുമായ പ്രതിപക്ഷമാണ് ആവശ്യം. പതിനെട്ടാം ലോക്‌സഭയിലേക്ക് വിജയിച്ച എം.പിമാർ സാധാരണക്കാരന്‍റെ പ്രതീക്ഷകൾ നിറവേറ്റാൻ ശ്രമിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.