അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ.പി യോഹന്നാന്റെ പൊതുദർശനം തുടരുന്നു. ഇന്നലെ രാവിലെ 10 മണിയോടുകൂടി ആരംഭിച്ച നാലാം ഘട്ട സംസ്‌കാര ശുശ്രൂഷയ്ക്ക് ശേഷമാണ് പൊതുദർശനം ആരംഭിച്ചത്. തിരുവല്ലയിലെ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ആസ്ഥാനത്താണ് പൊതുദർശനം നടക്കുന്നത്. ഈ മാസം എട്ടിന് അമേരിക്കയിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു കെ.പി യോഹന്നാന്റെ മരണം. ഇന്ന് 11 മണിയോടുകൂടി കബറടക്ക ചടങ്ങുകൾ ആരംഭിക്കും. ഉച്ചക്ക് ഒരു മണിക്കാണ് കബറടക്കം.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള, മന്ത്രിമാരയ പി. പ്രസാദ്, സജി ചെറിയാൻ,വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ,സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മറ്റ് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും പ്രതിനിധികളും ഉൾപ്പടെ രാഷ്ട്രീയ- സാമൂഹിക-സാംസ്‌കാരിക-മാധ്യമ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി