തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച. ശ്രീകോവിലിലെ നിവേദ്യ ഉരുളി മോഷണം പോയി. അതീവസുരക്ഷാ മേഖലയിലാണ് മോഷണം നടന്നത്. ഹരിയാന സ്വദേശികളായ മൂന്ന് പേർ പിടിയിലായി. ഹരിയാനയിൽ നിന്നാണ് ഫോർട്ട് പോലീസ് പ്രതികളെ പിടികൂടിയത്. ഒരു പുരുഷനും രണ്ട് സ്ത്രീകളുമണ് പിടിയിലായത്. വ്യാഴാഴ്ചയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. സിസിടിവി പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് എതിരെ നടപടിക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ ഏറ്റവും അധികം സുരക്ഷേ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ള ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ പത്മനാഭ ക്ഷേത്രം. അതിനാൽ ക്ഷേത്രത്തിലെ മോഷണം അതീവ ഗൗരവകരമായാണ് സംസ്ഥാന പൊലീസ് കരുതുന്നത്.
ഹരിയാനയിൽ നിന്ന് പിടിയിലായ സംഘത്തലവനായ ഗണേശ് ഝായ ഓസ്‌ട്രേലിയൻ പൗരത്വമുള്ളയാളാണ്. ഹരിയാനയിലാണ് ഇയാൾ ഏറെക്കാലമായി താമസിച്ചുവരുന്നത്. തെളിവെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പ്രതികളെ എത്തിച്ച ശേഷം കടക്കും. നിലവിൽ പ്രതികളെ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് കേരളത്തിലേക്ക് വിമാന മാർഗം പ്രതികളെ എത്തിക്കും. പ്രതികളെ ഉച്ചക്ക് മുൻപ് തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.