കണ്ണൂര്‍ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞ പിപി ദിവ്യക്ക് ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് സിപിഐഎം നേതാവ് പികെ ശ്രീമതി. ദിവ്യക്ക് ഇപ്പോള്‍ ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കില്‍ വിഷമം ഉണ്ടാക്കിയേനെ. കുറച്ച് ദിവസമായി ദിവ്യ ജയിലില്‍ കിടക്കുകയാണ്. അവര്‍ക്ക് നീതി ലഭിക്കണമെന്നും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പികെ ശ്രീമതി പറഞ്ഞു. ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത് മനപൂര്‍വമല്ലാത്ത നിര്‍ഭാഗ്യകരമായ സംഭവം എന്നേ പറയാന്‍ പറ്റുകയുള്ളു. ഏതൊരാള്‍ക്കും നീതി നിഷേധിക്കപ്പെടാന്‍ പാടില്ല. ജാമ്യം ലഭിച്ചതില്‍ വ്യക്തിപരമായും സംഘടനാപരമായും സന്തോഷമുണ്ടെന്നും ശ്രീമതി പറഞ്ഞു.
അതേസമയം ദിവ്യ പ്രസംഗിച്ചത് അന്നും ഇന്നും തെറ്റ് തന്നെയാണെന്നാണ് പറയുന്നത്. പാകപ്പിഴ പാര്‍ട്ടിയും പ്രവര്‍ത്തകയായ ഞാനും ചൂണ്ടിക്കാണിക്കാന്‍ തയ്യാറായിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്താക്കിയത്. ഇത് മനപ്പൂര്‍വമല്ലാത്ത ഒരു തെറ്റാണ്. കർശന ഉപാധികളോടെയാണ് ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ദിവ്യ 10 മണിക്കും 11 മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാക്കണമെന്നാണ് പ്രധാന ഉപാധി. ദിവ്യ കണ്ണൂർ ജില്ലയ്ക്ക് പുറത്തു പോകാൻ പാടില്ല. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു. രണ്ട് പേരുടെ ആൾജാമ്യത്തിലാണ് ദിവ്യയ്ക്ക് ജാമ്യം നൽകിയിരിക്കുന്നത്.