ആഡംബര കാറിടിച്ച് പുണെയില്‍ രണ്ട് യുവ എന്‍ജിനയര്‍മാരുടെ ജീവനെടുത്ത സംഭവത്തില്‍ പ്രതിയായ കൗമാരക്കാരന്റെ മുത്തച്ഛൻ അറസ്റ്റിൽ. നേരത്തെ, 17-കാരന്റെ ജാമ്യത്തിനുവേണ്ടി ഇടപെട്ട പ്രതിയുടെ മുത്തച്ഛൻ സുരേന്ദ്ര കുമാര്‍ അഗർവാൾ ആണ് അറസ്റ്റിലായിരിക്കുന്നത്. നിയമവിരുദ്ധമായി തടവിൽവെച്ചുവെന്നും കുറ്റം ഏൽക്കുന്നതിന് ഭീഷണപ്പെടുത്തിയെന്നുമുള്ള കുടുംബത്തിലെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.അപകടസമയത്ത് കാറോടിച്ചിരുന്നത് ഡ്രൈവറാണെന്ന വിചിത്രവാദവുമായി ആരോപണവിധേയനായ 17-കാരനും പിതാവും വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. എന്നാൽ, അപകടത്തിന് പിന്നാലെ ഡ്രൈവറുടെ മേൽ കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതായി പുണെ പോലീസ് വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കാൻ കുടുംബം ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. മുത്തച്ഛൻ ഡ്രൈവറെ പൂട്ടിയിടിട്ട് കുറ്റം ഏറ്റെടുക്കാൻ നിർബന്ധിച്ചു. കുറ്റം ഏറ്റെടുക്കുന്ന സാഹചര്യത്തിൽ ഡ്രൈവറെ പിന്നീട് മോചിപ്പിക്കാമെന്ന് ഇയാൾ ഉറപ്പ് നൽകിയതായും പോലീസ് കൂട്ടിച്ചേർത്തു.സുരേന്ദ്ര കുമാറും മകനും ചേർന്ന് ഡ്രൈവറുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി. മേയ് 19 മുതൽ 20 വരെ അന്യായമായി തടവിൽവെച്ചു. അദ്ദേഹത്തെ പിന്നീട് ഭാര്യ മോചിപ്പിക്കുകയായിരുന്നു’, ക്രൈംബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.