കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ ബുധനാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. വല്യച്ചൻ പുലർച്ചെ പശുവിനെ കറുക്കുന്നതിനായി തൊഴുത്തിലേക്ക് പോയ സമയം വീടിനകത്ത് കയറിയ അക്രമി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു. പിന്നീട് കാതിലെ ആഭരണങ്ങൾ കവർന്ന ശേഷം വീടിന് 500 മീറ്റർ അകലെ പെൺകുട്ടിയെ ഉപേക്ഷിച്ചു. തൊട്ടടുത്ത വീട്ടിലെത്തി കോളിങ് ബെല്ലടിച്ച ശേഷം ഈ വീട്ടുകാരോട് കുട്ടി വിവരം പറയുകയായിരുന്നു.
തുടർന്ന് ഇവർ കുഞ്ഞിനെ സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നു. കഴുത്തിലും കണ്ണിനും പരിക്കേറ്റ കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ പോലീസ് മേധാവി പി.ബി. ജോയി സ്ഥലത്തെത്തി. പ്രതിക്കായി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ഉൾപ്പെടെ പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു.