അബ് കി ബാര്‍ ചാര്‍ സൗ പാര്‍ (ഇക്കുറി നാനൂറിനും മീതേ) എന്ന മുദ്രാവാക്യവുമായാണ് എന്‍.ഡി.എ. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയത്. തങ്ങള്‍ നിശ്ചയിക്കുന്ന അജണ്ടയിലേക്ക് എതിരാളികളെ വലിച്ചിട്ടും ഓരോ മണ്ണിനും ചേരുന്ന വിധത്തില്‍ പ്രചാരണവിഷയങ്ങള്‍ പൊലിപ്പിക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെ തന്ത്രം പക്ഷേ ഇക്കുറി പാളി. ബി.ജെ.പി. വിരിച്ച വലയില്‍ വീഴാതിരിക്കാനും അതേസമയം അവരെ ഉത്തരം പറയാന്‍ നിര്‍ബന്ധിതരാക്കുന്ന സാഹചര്യങ്ങള്‍ പ്രതിപക്ഷം സൃഷ്ടിച്ചു. ഏഴ് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിനെ നരേന്ദ്ര മോദി എന്ന ഒറ്റ ബിംബത്തിലൂന്നി നേരിടുകയായിരുന്നു ബി.ജെ.പി. വികസിത ഭാരതം, മോദി ഗാരന്റി എന്നിവയായാരുന്നു ആദ്യ ഘട്ടത്തിലെ മുദ്രാവാക്യങ്ങള്‍. മോദിയുടെ ഗാരന്റി എന്ന് റാലികളിലും പൊതുസമ്മേളനങ്ങളിലും നരേന്ദ്ര മോദി തന്നെ പറഞ്ഞു. പ്രവര്‍ത്തകരെ കൊണ്ട് ഏറ്റുപറയിപ്പിച്ചു. എന്നാല്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന് ശേഷം പോളിങ് ശതമാനത്തിലുണ്ടായ വീഴ്ചയ്ക്ക് പിന്നാലെ, രാജ്യം ഇന്നേവരെ കാണാത്ത വിധത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങളുമായി പ്രധാനമന്ത്രി രംഗത്തെത്തി.