എറണാകുളം വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദ്ദനം. വൈപ്പിൻ സ്വദേശിനിയായ ജയ (47)യ്ക്കാണ് മർദ്ദനമേറ്റത്. യാത്രക്കാരായ മൂന്ന് പുരുഷന്മാർ ചേർന്ന് മർദിക്കുകയായിരുന്നു. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതായും ബന്ധുക്കൾ പറഞ്ഞു
തിങ്കളാഴ്ച രാത്രിയാണ് യുവതിക്ക് മർദ്ദനമേറ്റത്. കടപ്പുറം ബദരിയ പള്ളിയുടെ വടക്കുവശത്തുവച്ചാണ് അക്രമമുണ്ടായത്. ഒരു യുവാവ് ആശുപത്രിയിലേക്ക് ഓട്ടം വിളിക്കുകയായിരുന്നു. കുറച്ച് ദൂരം പിന്നിട്ട് ചെറായിയിൽ എത്തിയപ്പോൾ രണ്ട് സുഹൃത്തുക്കളെ കൂടി ഇയാൾ ഓട്ടോയിൽ കയറ്റി. തുടർന്ന് മറ്റൊരു ആശുപത്രിയലേക്ക് പോകണമെന്ന് പറഞ്ഞതോടെ ജയ അവിടേക്ക് വാഹനം തിരിച്ചു. പണം മറ്റൊരിടത്തു നിന്ന് വാങ്ങി ആശുപത്രിയിൽ കൊടുക്കണമെന്ന് പറഞ്ഞതോടെ അവിടേക്കും പോകുകയായിരുന്നു. ഒടുവിൽ ഇവരുടെ വാഹനം കുഴുപ്പിള്ളിക്ക് സമീപം ചാത്തങ്ങാട് ബീച്ചിലാണ് ഉള്ളതെന്നും അവിടേക്ക് എത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഏകദേശം പത്ത് മണിയോടെ ബീച്ചിന്റെ ഭാഗത്തെത്തിയതോടെ ഇവർ മറ്റൊരു സ്ഥലത്തേക്ക് പോകണമെന്ന് ആവശ്യപ്പട്ടു. രാത്രി ഇനിയും ഓട്ടം തുടരാൻ കഴിയില്ലെന്നും മറ്റൊരു വാഹനം ഏർപ്പാടാക്കി തരാമെന്നും ജയ പറഞ്ഞതോടെ യുവാക്കള്‍ പ്രകോപിതരായി. തുടർന്ന് മൂവരും ചേർന്ന് യുവതിയെ ക്രൂരമായി മർദിക്കുകയായിരുന്നു.