ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞു കയറാൻ ശ്രമിച്ച തീവ്രവാദികളുമായുളള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. 9 പഞ്ചാബ് റെജിമെന്റിലെ സുബേദാറായ കുല്‍ദീപ് ചന്ദാണ് വീരമൃത്യു വരിച്ചത്. സുന്ദർബനിയിലെ കേരി-ബൈട്ടല്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയോടെയാണ് തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. കുല്‍ദീപ് ചന്ദിന്റെ ജീവത്യാഗവും അദ്ദേഹത്തിന്റെ ടീമിലെ മറ്റ് അംഗങ്ങളുടെ ആത്മസമർപ്പണവും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ പരാജയപ്പെടുത്തിയതായി സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായി പ്രവർത്തിക്കുന്ന മിലിട്ടറി യൂണിറ്റായ വൈറ്റ് നൈറ്റ് കോർപ്പ്സ് സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അതേസമയം ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ സൈന്യം തുടരുകയാണെന്നും വൈറ്റ് നൈറ്റ് കോർപ്പ്സ് അറിയിച്ചു. കിഷ്ത്വാറിലെ ഛത്രുവില്‍ ഇപ്പോഴും തുടരുന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇതുവരെ സൈന്യം വധിച്ചു.