കാൺപൂർ: ആഗ്ര-ലക്നൗ എക്സ്പ്രസ് ഹൈവേയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരണപ്പെട്ടു, 40 പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശില കന്നൗജിൽ ദാരുണമായ അപകടമുണ്ടായത്. ഡബിൾ ഡക്കർ ബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലക്നൗവിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസ്, ഹൈവേയിലെ ഡിവൈഡറിൽ ചെടികൾക്ക് വെള്ളം ഒഴിക്കുകയായിരുന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. പരിക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. അപകടം നടന്ന് അൽപ സമയത്തിനകം അതുവഴി വരികയായിരുന്ന ഉത്തർപ്രദേശ് ജലവിഭവ മന്ത്രി സ്വതന്ത്ര ദേവ് സിങ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ടാങ്കറിലേക്ക് ഇടിച്ചുകയറാൻ കാരണമായതെന്ന് പരിക്കേറ്റ ബസ് യാത്രക്കാരിൽ ചിലർ പറഞ്ഞു.
