Latest Malayalam News - മലയാളം വാർത്തകൾ

ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു

New delhi

18ാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു. ശബ്ദവോട്ടോടുകൂടിയാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുത്തത്. ഓം ബിർള യെ സ്പീക്കറായി തെരഞ്ഞെടുക്കണം എന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വക്കുകയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു. പിന്നാലെ എന്‍ഡിഎ സഖ്യകക്ഷികള്‍ പിന്തുണച്ചു. പ്രതിപക്ഷത്തുനിന്ന് കോൺ​ഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷാണ് മത്സരിച്ചത്. കൊടിക്കുന്നിലിന് തൃണമൂൽ പിന്തുണ നൽകിയപ്പോള്‍ ഓം ബിർളയ്ക്ക് വൈഎസ്ആർ കോൺ​ഗ്രസ് പിന്തുണ നൽകി.

തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്. സുമിത്ര മഹാജന് ശേഷം 2019 ല്‍ ആദ്യമായി ലോക്സഭാ സ്പീക്കറായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് പുതിയ സ്പീക്കറെ ചേമ്പറിലേക്ക് ആനയിച്ചത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓം ബിര്‍ളയെ അഭിനന്ദിച്ചു. ഓം ബിര്‍ള സ്പീക്കറായത് സഭയുടെ ഭാഗ്യമെന്ന് മോദി പറഞ്ഞു.

നവാഗത എംപിമാര്‍ക്ക് ഓം ബിര്‍ള പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടാം തവണ സ്പീക്കറാകുന്ന രണ്ടാമത്തെയാളാണ് ഓം ബിര്‍ള. നേരത്തെ ബെല്‍റാം ജാക്കറാണ് രണ്ട് തവണ ലോക്സഭാ സ്പീക്കറായിരുന്നത്. സ്പീക്കറുടെ ചുമതല കഠിനമാണ്. ഇത് ഭംഗിയായി നിർവഹിക്കാനാകും എന്ന് ഓം ബിർള തെളിയിച്ചതാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ പോലെ സഭ നയിക്കാനാകട്ടെയെന്നും ലോകത്തിന് മുമ്പിൽ ഇന്ത്യൻ ജനാധിപത്യം മാതൃകയാകട്ടെയെന്നും മോദി ആശംസിച്ചു.

Leave A Reply

Your email address will not be published.