ദില്ലി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍. സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള വ്യക്തിയാണ് സന്ദീപെന്നും മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കിയിരുന്ന ആളാണെന്നും അറിയിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ജാമ്യം അനുവദിച്ചാല്‍ പ്രതി ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സന്ദീപിന് മാനസികനില പ്രശ്നമില്ലെന്ന് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകിയതായിട്ടാണ് വിവരം. സന്ദീപിന്‍റെ മാനസിക നിലയ്ക്ക് തകരാറില്ലെന്നാണ് റിപ്പോർട്ടിലെ പരാമർശം. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്. നാളെ സന്ദീപിന്റെ ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാനം സത്യവാങ്മൂലം സമർപ്പിച്ചത്.