ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുക. ആകെയുള്ള എഴുപത് സീറ്റുകളിൽ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ നടക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡൽഹിയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു. ജനുവരി 10ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന ജനുവരി 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. ഉത്തർപ്രദേശിലെ മിൽക്കിപ്പൂർ, തമിഴ്നാട്ടിലെ ഈറോഡ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി 5ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15നാണ് അവസാനിക്കുക. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 62ലും എഎപിക്കായിരുന്നു വിജയം. ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും ഡൽഹിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വെവ്വേറെയാണ് മത്സരിക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന ഡൽഹിയിൽ ബിജെപിയും കോൺഗ്രസും ആം ആദ്മിയും ആദ്യഘട്ട സ്ഥാനാർത്ഥികളെ ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു.