ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരു മരണം. എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയില്‍ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് പതിച്ചത്. ഇതേത്തുടര്‍ന്ന് ടെര്‍മിനല്‍ 1-ല്‍ നിന്ന് ടെര്‍മിനല്‍ 2, 3 എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ മാറ്റിയിട്ടുണ്ട്. ടെര്‍മിനല്‍ 1-ല്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയിട്ടുണ്ട്.
സുരക്ഷാ നടപടികളുടെ ഭാഗമായിട്ടാണ് ചെക്ക് ഇന്‍ കൗണ്ടറുകള്‍ അടച്ചതെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.
പുലര്‍ച്ചെ അഞ്ചുമണിയോടെ നടന്ന സംഭവത്തില്‍ ക്യാബുകള്‍ (ടാക്സി കാറുകള്‍) ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ടെര്‍മിനലിന്റെ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. മേൽക്കൂരയിലെ ഷീറ്റും സപ്പോര്‍ട്ട് ബീമുകളും തകര്‍ന്നതായി അധികൃതര്‍ പറഞ്ഞു.