ജനം തോൽപ്പിച്ച് കഴിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഇനി ആക്രമിക്കുന്നതിൽ അർത്ഥമില്ലെന്ന് സി പി ഐ യോഗത്തിൽ വിമർശനം. തെറ്റ് ചെയ്ത സമയത്ത് തിരുത്താൻ ശ്രമം നടത്തിയിരുന്നെങ്കിൽ സി പി ഐക്ക് പിന്തുണ കിട്ടുമായിരുന്നുവെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ജനം എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് നേതാക്കൾക്ക് മനസിലാകുന്നില്ലെന്നും വിമർശനം ഉയർന്നു.
തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ടുളള ചർച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉയർന്നത്. സർക്കാരിനും അതിൻെറ തലവനായ മുഖ്യമന്ത്രിക്കും എതിരെ ഉണ്ടായ വികാരമാണ് തിരഞ്ഞെടുപ്പ് ഫലം. എന്നാൽ ഇനിയും പിണറായിയെ ആക്രമിക്കാൻ പോയിട്ട് അർത്ഥമില്ല. ജനമാണ് പിണറായിയേയും ഇടത് മുന്നണിയേയും തോൽപ്പിച്ചത്. ജനം തോൽപ്പിച്ചവരുടെ നെഞ്ചത്ത് വീണ്ടും കുത്തുന്നത് അർത്ഥമില്ലാത്ത കാര്യമാണെന്നും വിമർശകർ പരിഹസിച്ചു. പിണറായി തെറ്റ് ചെയ്ത സമയത്ത് തിരുത്താൻ ശ്രമം നടത്തിയിരുന്നെങ്കിൽ സി പി ഐക്ക് കേരളത്തിലെ ഇടതുപക്ഷ അനുകൂലികളുടെ പിന്തുണ കിട്ടുമായിരുന്നു. സി പി ഐ എം അണികളുടെയും പിന്തുണ സി പി ഐക്ക് ലഭിക്കുമായിരുന്നു. അങ്ങനെയെങ്കിൽ പിണറായി തിരുത്തുകയും ചെയ്തേനെ. തിരഞ്ഞെടുപ്പ് ഫലവും വ്യത്യസ്തമായേനെ എന്നാണ് എക്സിക്യൂട്ടീവിൽ ഉയർന്ന വികാരം.