കൊല്ലം : സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം. പാർലമെന്റ് തിരഞ്ഞെടുപ്പ് ദിനത്തിലെ ഇപി ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും പ്രകാശ് ജാവേദ്ക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട ഇപിയുടെ വെളിപ്പെടുത്തലും തിരിച്ചടിയായെന്നാണ് വിമർശനം. ഇപിയുടേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ലെന്ന് സമ്മേളനത്തിലെ പൊതുചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. എം മുകേഷ് എംഎൽഎയുടെ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തെ കൊല്ലത്തെ പ്രതിനിധികൾ രൂക്ഷ ഭാഷയിലാണ് വിമർശിച്ചത്. ആരുടെ നിർദ്ദേശപ്രകാരമാണ് മുകേഷിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് പ്രതിനിധികൾ ചോദിച്ചു. കൊല്ലത്ത് മറ്റൊരാളായിരുന്നെങ്കിൽ ഇത്ര വലിയ പരാജയം ഉണ്ടാകില്ലായിരുന്നുവെന്നും പ്രതിനിധി സമ്മേളനത്തിൽ അഭിപ്രായമുയർന്നു. നേരത്തെ തന്നെ കൊല്ലത്ത് പ്രേമചന്ദ്രനെതിരെ മുകേഷിനെ ഇറക്കിയതിൽ വിമർശനം ഉയർന്നിരുന്നു. ഇതാണ് പ്രതിനിധി സമ്മേളനത്തിലും ഉയർന്നത്.