അരുണാചല്‍പ്രദേശ്, സിക്കിം നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. അരുണാചലില്‍ 60 അംഗ സഭയില്‍ ബി.ജെ.പി.യുടെ 10 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 50 സീറ്റിലെ വോട്ടെണ്ണലാണ് നടക്കുന്നത്.133 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 2019-ല്‍ 41 സീറ്റുനേടി ബി.ജെ.പി. ഭരണം നേടിയിരുന്നു. 32 സീറ്റുകളിലേക്കാണ് സിക്കിമില്‍ വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ അരുണാചലില്‍ ബിജെപിയും സിക്കിമില്‍ ഭരണകക്ഷിയായ എസ്.കെ.എമ്മും ബഹുദൂരം മുന്നിലാണ്. സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ നേരത്തെയാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചത്.