18ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന് ഇന്ന് തുടക്കംകുറിക്കുമ്പോൾ കോൺഗ്രസ് അംഗങ്ങൾ എത്തുക ഭരണഘടനയുടെ ചെറു പതിപ്പുമായി. രാജ്യത്തിന്റെ ഭരണഘടനയെ ഉയർത്തി പിടിക്കുമെന്ന സന്ദേശം മോദി സർക്കാറിനെ അറിയിക്കുന്നതിന്റെ ഭാഗമായാണിത്. രാവിലെ 10 മണിക്ക് പാർലമെന്റ് വളപ്പിലെത്തുന്ന കോൺഗ്രസ് എം.പിമാർ ഒരുമിച്ചാകും സഭയിലേക്ക് നീങ്ങുക.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് സമ്മേളനം ഇന്ന് ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കാബിനറ്റ് മന്ത്രിമാർ, മറ്റു കേന്ദ്രമന്ത്രിമാർ എന്നിവരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് അക്ഷരമാലാ ക്രമത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക.
കേരളത്തിൽ നിന്നുള്ള 18 എം.പിമാർ ഇന്ന് വൈകിട്ട് നാലു മണിയോടെ സത്യപ്രതിജ്ഞ ചെയ്യുക. വിദേശയാത്രയിൽ ആയതിനാൽ ശശി തരൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല.
അതേസമയം, പ്രോടെം സ്പീക്കർ നിയമനത്തിൽ എട്ടു തവണ ലോക്സഭ എം.പിയായ കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ ദലിത് മുഖം കൊടിക്കുന്നിൽ സുരേഷിനെ അവഗണിച്ചതിൽ കടുത്ത പ്രതിഷേധം അറിയിക്കാനാണ് ഇൻഡ്യ സഖ്യ തീരുമാനം. ഇതിന്റെ ഭാഗമായി പ്രോടെം സ്പീക്കർ പാനലിൽ നിന്ന് ഇൻഡ്യ സഖ്യത്തിലെ അംഗങ്ങൾ പിന്മാറി.