എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഇന്ത്യ സഖ്യം തോൽക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് എക്സിറ്റ് പോളുകൾ. ഇത് ഒരു ‘സൈക്കോളജിക്കല്‍ ഗെയിം’ ആണ്. വിഷയത്തെ സഖ്യം കൃത്യമായി എതിർക്കുമെന്നും ജയറാം രമേശ് എ.എൻ.ഐയോട് പറഞ്ഞു.ജൂൺ നാലിന് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയുടെ ഗൂഢാലോചനയാണ് എക്സിറ്റ് പോളുകൾ. ജൂൺ നാലിലെ ഫലവും എക്സിറ്റ് പോൾ ഫലങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടാകും. ശനിയാഴ്ച ഇന്ത്യ സഖ്യത്തിലെ നേതാക്കൾ യോഗം ചേർന്നിരുന്നു. ഇന്ത്യ സഖ്യത്തിന് 295-ലും താഴെ സീറ്റുകൾ നഷ്ടപ്പെടുന്നത് അസാധ്യമായിരിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ശനിയാഴ്ച പുറത്തുവന്നിരുന്നു. മുന്നൂറിനുമുകളിൽ സീറ്റുനേടി ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. സഖ്യം വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രവചനം.400 സീറ്റുനേടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തെ ഭൂരിഭാഗം സർവേകളും പിന്തുണയ്ക്കുന്നില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി. സർക്കാരുണ്ടാക്കുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്.