സംസ്ഥാനത്ത് നാളികേര വില കുതിച്ചുയര്‍ന്നു. ഒരു കിലോ നാളികേരത്തിന് 70 രൂപ എന്ന നിരക്കിലാണ് ചില്ലറ വില്പന നടക്കുന്നത്. നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. പാലക്കാട് ജില്ലയിലെ ചെറുകിട കര്‍ഷകരില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമാണ് പ്രധാനമായും നാളികേരമെത്തുന്നത്. പച്ചത്തേങ്ങ കിട്ടാനില്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. ഇതോടെ തേങ്ങയ്ക്കായി തമിഴ്‌നാടിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കേരളം. തമിഴ്‌നാട്ടിലും ഉല്‍പ്പാദനം കുറഞ്ഞ അവസ്ഥയാണുള്ളത്.
കേരളത്തില്‍ ഉള്ള തെങ്ങുകളിലും ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. പുതിയ തൈകളില്‍ ചെല്ലി ഉള്‍പ്പടെയുള്ള രോഗബാധയും ഏറെയാണ്. വേനല്‍ കടുക്കുമെന്ന റിപ്പോര്‍ട്ട് ഉള്ളതിനാല്‍ വരും ദിവസങ്ങളിലും നാളികേരത്തിന് വില ഉയര്‍ന്നു നില്‍ക്കാനാണ് സാധ്യതയെന്നു കര്‍ഷകര്‍ പറയുന്നു. ഉത്പാദനക്കുറവിന് പുറമേ മലയോരമേഖലകളില്‍ കുരങ്ങും മലയണ്ണാനും വ്യാപകമായി തേങ്ങ നശിപ്പിക്കുന്നതും കേരകൃഷിയില്‍ പ്രതിസന്ധിയാണ്.