കാലാവസ്ഥയിലുണ്ടാകുന്ന അസാധാരണ മാറ്റം കണക്കിലെടുത്ത് രാജ്യത്തെ തൊഴിലുടമകൾ ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും തൊഴിൽ മന്ത്രാലയം നിർദേശിച്ചു. സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇത് സംബന്ധിച്ച നിർദേശം നൽകിയത്. തൊഴിൽ സുരക്ഷയും ആരോഗ്യ മാർഗ നിർദ്ദേശങ്ങളും പാലിക്കാനും തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്താനാവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനുമാണ് നിർദേശം. രാജ്യത്ത് നിലവിൽ ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുന്നുണ്ട്. പൊടിക്കാറ്റ് കാരണം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ദൃശ്യപരത വളരെ കുറഞ്ഞിട്ടുണ്ട്. നിലവിൽ പല ഗൾഫ് രാജ്യങ്ങളിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ട്. കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ജനജീവിതം ദുസ്സഹമാവുന്ന സാഹചര്യമാണ്. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും പൊടിക്കാറ്റിനെ തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.