സംസ്ഥാനത്ത് വ്യാപക മഴയക്ക് സാധ്യതയെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ അഞ്ച് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ദന ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായിട്ടാണ് മഴ ശക്തി പ്രാപിക്കുന്നത്. ഒക്ടോബര്‍ 24 മുതല്‍ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് വൈകുന്നേരം മുതൽ നാളെ വരെ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെയും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.