Latest Malayalam News - മലയാളം വാർത്തകൾ

നീറ്റ് ക്രമക്കേട്: സമഗ്ര അന്വേഷണത്തിനായി സി.ബി.ഐക്ക് കൈമാറുമെന്ന് കേന്ദ്രസർക്കാർ

New Delhi

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സമഗ്ര അന്വേഷണത്തിനായി സി.ബി.ഐക്ക് കൈമാറുമെന്ന് കേന്ദ്രസർക്കാർ. പരീക്ഷ പ്രക്രിയയുടെ സുതാര്യതക്കായി വിഷയം സി.ബി.ഐക്ക് കൈമാറാൻ അവലോകനത്തിന് ശേഷം തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

പരീക്ഷകളുടെ പവിത്രത ഉറപ്പാക്കാനും വിദ്യാർഥികളുടെ താൽപ്പര്യം സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ക്രമക്കേടുകളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളും സംഘടനകളും കർശന നടപടി നേരിടേണ്ടിവരുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ഡയറക്ടർ ജനറൽ സുബോധ് സിങ്ങിനെ നീക്കം ചെയ്യുകയും പരീക്ഷാ പരിഷ്‌കരണങ്ങൾക്കായി മുൻ ഐ.എസ്.ആർ.ഒ മേധാവി കെ. രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ ഏഴംഗ സമിതി രൂപീകരിക്കുകയും ചെയ്‌തതുൾപ്പെടെയുള്ള നടപടികൾക്ക് ശേഷമാണ് പുതിയ നീക്കം.

മെയ് അഞ്ചിന് 4,750 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ 24 ലക്ഷത്തോളം വിദ്യാർഥികൾ പങ്കെടുത്തു. ജൂൺ 14ന് ഫലം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജൂൺ നാലിന് തന്നെ പ്രഖ്യാപിക്കുകയായിരുന്നു.

 

Leave A Reply

Your email address will not be published.