ജാതി സെൻസസ് പരാമർശങ്ങളിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി. ജനുവരി ഏഴിന് കോടതിയിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജാതി സെൻസസ് സംബന്ധിച്ച് നടത്തിയ പരാമർശത്തിലാണ് നടപടി. രാജ്യത്ത് ആഭ്യന്തരയുദ്ധം തുടങ്ങാനുള്ള ശ്രമമാണ് രാഹുലിന്റെ പരാമർശത്തിന് പിന്നിലെന്ന് ഹർജിക്കാരനായ പങ്കജ് പതക് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിയമസഭാ-പാർലമെൻ്റ് സാമാജികർക്കുള്ള കോടതിയെയാണ് ആദ്യം സമീപിച്ചത്. തുടർന്ന് ഈ ഹർജി തളളിയതിനെ തുടർന്നാണ് ജില്ലാ കോടതിയെ സമീപിച്ചതെന്നും ഹർജിക്കാൻ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സാമ്പത്തികമായ സർവേ നടത്തുമെന്ന് രാഹുൽ ഗാന്ധി പ്രചരണ വേളയിൽ പറഞ്ഞിരുന്നു. രാജ്യത്തിൻ്റെ സമ്പത്ത് ആരുടേതാണെന്ന് കണ്ടെത്താനാണ് ഇത്തരത്തിലൊരു സർവേ നടത്തുന്നത്. പിന്നാക്ക ജാതികൾ, പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷങ്ങൾ, മറ്റ് ജാതികൾ എന്നിവയുടെ കൃത്യമായ ജനസംഖ്യയും നിലയും അറിയുന്നതിനായി ഒരു ജാതി സെൻസസ് നടത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇന്ത്യയുടെ സമ്പത്തും തൊഴിലവസരങ്ങളും മറ്റ് ക്ഷേമ പദ്ധതികളും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വിതരണം ചെയ്യാനുള്ള ശ്രമം ഉണ്ടാകുമെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. തിരഞ്ഞെടുപ്പ് സമയത്ത് രാഹുലിന്റെ പരാമർശം നിരവധി വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.