ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണ് മരിച്ച തൊഴിലാളികളുടെ എണ്ണം 9 ആയി ഉയർന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് ബെംഗളൂരുവിലെ ഹെന്നൂർ മേഖലയിലെ ഈ കെട്ടിടം തകർന്നു വീണത്. ബീഹാറിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും. 21 തൊഴിലാളികളാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയത്. അതിൽ 13 പേരെ രക്ഷപ്പെടുത്തി. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൊഴിലാളികൾക്കായി സമീപത്ത് നിർമിച്ച ഷെഡ്ഡിന്റെ മുകളിലേക്കാണ് കെട്ടിടം വീണത്. അതേസമയം കൃത്യമായ അനുമതിയില്ലാതെയാണ് കെട്ടിട നിർമാണം നടന്നതെന്നാണ് കണ്ടെത്തൽ. ബിൽഡർ, കരാറുകാരൻ, ഉൾപ്പെട്ട എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും നഗരത്തിലുടനീളമുള്ള ഇത്തരം നിർമാണങ്ങൾ കണ്ടെത്തി ഉടൻ നിർത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ആവശ്യപ്പെട്ടിരുന്നു.