മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ സ്വദേശിനിയായ അഞ്ചുവയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടി വെന്റിലേറ്ററിലാണുള്ളത്. പുഴയില്‍ കുളിച്ചതിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തിലെത്തിയതെന്നാണ് സംശയിക്കുന്നത്.
ഈ മാസം ഒന്നിനാണ് കുട്ടി പുഴയിൽ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും വരികയായിരുന്നു. സമാനമായ ലക്ഷണങ്ങളോടെ നാല് കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നതുവഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുകയും ചെയ്യുന്നു. പനി,തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.