വയനാട് വെറ്ററിനറി കോളേജിൽ ബോംബ് വച്ചതായി ഭീഷണി സന്ദേശം. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമാണ് ഇ-മെയിൽ സന്ദേശം വന്നത്. ഡോഗ്സ്ക്വാഡും ബോംബ് സ്ക്വാഡും തണ്ടർബോൾട്ടും കോളേജിൽ പരിശോധന നടത്തി. വൈസ് ചാൻസലർ ഡോക്ടർ അനിൽ, രജിസ്ട്രാർ എന്നിവർക്ക് ഇ-മെയിൽ എത്തിയത് 7.38നാണ്. എട്ടു മണിയോടെയാണ് ഇവരുടെ ശ്രദ്ധയിൽ സന്ദേശം പെടുന്നത്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യും എന്നാണ് സന്ദേശം. നിവേദിത പേതുരാജ് എന്ന ഐഡിയിൽ നിന്നാണ് വെറ്റിനറി സർവകലാശാലയും ചെന്നൈയിലെ യുഎസ് കോൺസിലേറ്റും ബോംബ് വച്ചു തകർക്കും എന്ന ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ബോംബ് സ്ക്വാഡും ഡോഗ്സ്കോഡും തണ്ടർബോൾട്ടും തെരച്ചിൽ നടത്തി. അസ്വാഭാവികമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഒരാഴ്ച മുമ്പ് സേലത്തെ ലൈവ് സ്റ്റോക്ക് ഇൻസ്റ്റിറ്റ്യൂട്ടിലും സമാനമായ ഭീഷണി സന്ദേശം എത്തിയിരുന്നു.