Latest Malayalam News - മലയാളം വാർത്തകൾ

അഗ്നിവീർ പദ്ധതി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടാനൊരുങ്ങി ജെ.ഡി.യു

New Delhi

സൈന്യത്തിലേക്കുള്ള നിയമനങ്ങൾക്കായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ അഗ്നിവീർ പദ്ധതി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടാൻ ജെ.ഡി.യു. കേന്ദ്രത്തിൽ സർക്കാർ രൂപവത്കരണത്തിന് ജെ.ഡി.യുവിന്‍റെ പിന്തുണ അനിവാര്യമായ പശ്ചാത്തലത്തിലാണ് നിതീഷ് കുമാറിന്‍റെ പാർട്ടി ബി.ജെ.പിക്ക് മേൽ സമ്മർദം ചെലുത്തുന്നത്. ‘അഗ്നിവീർ പദ്ധതിയിൽ അസംതൃപ്തിയുണ്ട്, പദ്ധതി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടും. പദ്ധതിയെ പൂർണമായി എതിർക്കുകയല്ല’ -ജെ.ഡി.യു വക്താവ് കെ.സി. ത്യാഗി പറഞ്ഞു.

 

നാല് വർഷത്തേക്ക് യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിവീർ. പദ്ധതിക്കെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. അഗ്നിവീർ പദ്ധതി ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി ജെ.ഡി.യു അറിയിച്ചിട്ടുണ്ട്. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ് തുടങ്ങിയവക്ക് ജെ.ഡി.യു പിന്തുണ അറിയിച്ചതായും വിവരമുണ്ട്.

 

സഖ്യകക്ഷികൾ സമ്മർദ്ദതന്ത്രം ശക്തമാക്കിയിരിക്കെ സർക്കാർ രൂപവത്കരണത്തിനുള്ള ചർച്ചകൾ എൻ.ഡി.എക്കുള്ളിൽ പുരോഗമിക്കുകയാണ്. അതേസമയം, ശനിയാഴ്ച നടക്കുമെന്ന് നേരത്തെ പറഞ്ഞിരുന്ന മോദിയുടെ സത്യപ്രതിജ്ഞ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായാണ് ഒടുവിലത്തെ വിവരം.

 

Leave A Reply

Your email address will not be published.