രണ്ട് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അരുണാചൽപ്രദേശിൽ ബി.ജെ.പിയും സിക്കിമിൽ ക്രാന്തികാരി മോർച്ചയും ഭരണമുറപ്പിച്ചു. അരുണാചൽപ്രദേശിൽ ബി.ജെ.പി ലീഡ് കേവലഭൂരിപക്ഷം പിന്നിട്ടു. ആകെയുള്ള 61 സീറ്റുകളിൽ 59 എണ്ണത്തിന്റെ ലീഡുനില പുറത്ത് വന്നപ്പോൾ 44 സീറ്റുകളിൽ ബി.ജെ.പിയാണ് മുന്നിൽ. നാഷണൽ പീപ്പിൾസ് പാർട്ടി ഏഴ് സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസിന് ഒരു സീറ്റിലും മുന്നേറാൻ കഴിഞ്ഞിട്ടില്ല. അരുണാചൽപ്രദേശിലെ എട്ട് സീറ്റുകളിൽ മറ്റുള്ളവരും ലീഡ് ചെയ്യുന്നുണ്ട്.
അരുണാചൽപ്രദേശിൽ 10 സീറ്റുകളിൽ ബി.ജെ.പി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ചയുടെ ആധിപത്യമാണ്. 32ൽ 31 സീറ്റുകളിലും സിക്കിം ക്രാന്തികാരി മോർച്ചയാണ് മുന്നേറുന്നത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
2019ലെ തെരഞ്ഞെടുപ്പിൽ അരുണാചൽപ്രദേശിൽ നിന്നും ജെ.ഡി.യു ഏഴ് സീറ്റിലും നാഷണൽ പീപ്പിൾസ് പാർട്ടി അഞ്ച് സീറ്റിലും കോൺഗ്രസ് നാലെണ്ണത്തിലും പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ ഒരു സീറ്റിലും വിജയിച്ചിരുന്നു. രണ്ട് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും ജയിച്ചിരുന്നു.
സിക്കിമിൽ ഭരണകക്ഷി തന്നെ അധികാരത്തിൽ വരുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. 31 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി മത്സരത്തിനായി ബി.ജെ.പി ഇറങ്ങിയെങ്കിലും നേട്ടമുണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്.