മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യപേപ്പർ പരീക്ഷക്ക് മുമ്പ് തന്നെ കിട്ടിയെന്ന് വിദ്യാർഥിയുടെ മൊഴി. നീറ്റിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബിഹാറിൽ അറസ്റ്റിലായ വിദ്യാർഥി അനുരാഗ് യാദവാണ് ഇതുസംബന്ധിച്ച് മൊഴി നൽകിയത്. നീറ്റ് പരീക്ഷക്ക് നൽകിയ ചോദ്യപേപ്പറുമായി പൂർണമായും സാമ്യമുള്ളതാണ് തനിക്ക് ചോർന്നുകിട്ടിയ ചോദ്യപേപ്പറെന്ന് വിദ്യാർഥി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ബിഹാറിലെ ധാൻപൂർ ടൗൺ കൗൺസിലിലെ എൻജിനീയറിന്റെ ബന്ധുവായ വിദ്യാർഥിയാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. തന്റെ ബന്ധുവായ സിക്കന്തർ പ്രസാദ് യാദവേന്ദു തനിക്ക് എങ്ങനെയാണ് ചോദ്യപ്പേപ്പർ സംഘടിപ്പിച്ച് തന്നതെന്ന് വിദ്യാർഥി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നതിനിടെ ഇക്കാര്യത്തിൽ ബിഹാർ പൊലീസിൽ നിന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. നീറ്റിലെ ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മന്ത്രി റിപ്പോർട്ട് തേടിയിരിക്കുന്നത്. നീറ്റുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ കേസുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.